Popular Posts

Thursday, September 8, 2011

അങ്ങനെ കുഞ്ഞൂട്ടനും പറഞ്ഞു : "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ"

ആകെപ്പാടെ തകര്‍ന്നിരിക്കുകയാണ് കുഞ്ഞൂട്ടന്‍ .. ഹല്ലാ.... എങ്ങനെ തകരാതിരിക്കും, അമ്മാതിരി പണിയല്ലിയോ മിനിറ്റിന് മിനിറ്റിന് കിട്ടിക്കോണ്ടിരിക്കുന്നത് കൂടെ നടന്നവന്മാര് വരെ തുരു തുരാ പാര വെക്കുന്നു.

ഇപ്പൊ തകരാനുണ്ടായ കാര്യം എന്താന്ന് വെച്ചാല്‍ തായ് വഴിയായി (അങ്ങനെയല്ലെങ്കിലും)കിട്ടിയ ഭൂസ്വത്തോക്കെ അഴിമതി നടത്തിയുണ്ടാക്കിയതാണ് പോലും, പറഞ്ഞത് മറ്റാരുമല്ല അങ്ങേ വീട്ടിലെ അവറാച്ചന്‍. പുള്ളിക്ക് പണ്ടു മുതലേ 'ശ്ശി' കണ്ണു കടിയുള്ളതാ, എന്നതാന്നു വെച്ചാല്‍ അവറാച്ചന്‍ ആള് ഇമ്മിണി പരിശുദ്ധന്‍ ആണേലും പുള്ളീടെ മോന്‍ കിരണാച്ചന്‍ ആള് ഭീകരനാ.നമ്മടെ കുഞ്ഞൂട്ടന്‍ മനസ്സില്‍ കാണുന്നതൊക്കെയും കിരണാച്ചന്‍ തെങ്ങുമ്മേല്‍ കണ്ടു ടപ്പേന്ന് അടിച്ചു മാറ്റും.
കയ്യാങ്കളി തുടങ്ങിയിട്ട് കുറച്ചായീ. പോട്ടെ പോട്ടേന്നു വെക്കുംതോറും ലവന്‍ കേറി അങ്ങ് ആളാവുന്നത്‌ കാണുമ്പോ കുഞ്ഞൂട്ടന് സഹിക്കാന്മേല.

പ്രത്യക്ഷമായിട്ടൊരു നീക്കു പോക്കിന് രണ്ടു കൂട്ടരും തയ്യാറാകാത്തതിനാല്‍ ഒരു കമ്മിറ്റി വിളിച്ചു ചേര്‍ത്ത് കാര്യം പരിഹരിക്കാനാണ് കൂടെയുള്ളവര്‍ തീരുമാനിച്ചത്.

കമ്മിറ്റി കൂടിയത് അതിലും ഭേഷായി, നാടു നീളെ കേസുകള്‍ പല രീതിയിലും തെളിഞ്ഞും മറഞ്ഞുമുള്ള കുഞ്ഞൂട്ടന് നേരെ കമ്മിറ്റി അങ്ങ് തിരിഞ്ഞില്ലായോ പോരാത്തതിനു ഈയിടെ ഒന്നും രണ്ടും പറഞ്ഞു കൂറുമാറിയ റാഫേലും.കുഞ്ഞൂട്ടന് കപ്പ മോഷണം മുതല്‍ പെണ്ണ് കേസുവരെ ലിസ്റ്റിലുണ്ടെന്നും അതിനു കൂട്ട് നിന്ന തനിക്കൊരു ഇമ്മിണി പോലും തന്നില്ലാന്നും പറഞ്ഞാത്രേ റാഫേല്‍ കമ്മിറ്റിയില്‍ ആളായത്.അതും കൂടി കേട്ട് എല്ലാരും കൂടി തനിക്കെതിരെ തിരിഞ്ഞപ്പോള്‍ കുഞ്ഞൂട്ടന്റെ കണ്ട്രോള്‍ അങ്ങ് തെറ്റിയില്ലായോ. അങ്ങനല്ലിയോ കുഞ്ഞൂട്ടന്‍ വിളിച്ചു പറഞ്ഞത് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേന്ന്. പണ്ടെങ്ങാണ്ട് ആരോ ഇങ്ങനെ പറഞ്ഞപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലായെന്നും അതിന്‍റെ ആ ...ആ....ഒരു ധൈര്യത്തിലാണ് ഇങ്ങനങ്ങ് വെച്ച് കാച്ചിയത്.

ഹല്ലാ... ഇനീപ്പോ ആരേലും രണ്ടു കല്ലെറിഞ്ഞാലും അതുപകാരമാകുമേ..ആകെപ്പാടെ ഒണ്ടാരുന്ന ഒരു ചായക്കട തെക്കന്‍ പിള്ളേച്ചന്‍ ചുളുവിലയ്ക്കടിച്ചു മാറ്റുവേം ചെയ്തു ..വല്ലോരും എറിയുന്ന കല്ലു ചേര്‍ത്തുവെച്ച്,ആ കടവിന്‍റെ തീരത്തൊരു തട്ടുകടയുണ്ടാക്കി ശിഷ്ട്ടകാലം ജീവിക്കാമെന്ന് വെച്ചപ്പോ കല്ലെറിയാനും നോ പീപ്പിള്‍...

അപ്പൊ കുഞ്ഞൂട്ടന്‍ ആരായീ ....







** ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രേതാത്മക്കളുടെ സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും വിരോധപരയമായ മനസ്സിന്‍റെ അന്തരംഗങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ആഗോളതാപീകരണത്തിന്റെ അന്ത:സത്തയാവാം..

Sunday, August 21, 2011

മടുപ്പ്

ഒഴുകിയൊഴുകി മടുത്തിട്ടാവണം
പുഴ കുപ്പിയിലായത്..

തിരമാലകളടിച്ചു മടുത്തിട്ടാവണം
കടലൊരു സുനാമിയായത്..

മൊട്ടിട്ടും വിരിഞ്ഞും മടുത്തിട്ടാവണം
പൂക്കള്‍ ഷോകേസില്‍ കയറിയത്..

വെട്ടിയും നുറുങ്ങിയും മടുത്തിട്ടാവണം
മരങ്ങള്‍ കടല്‍ കടന്നു പോയത്..

മാന്തിപ്പൊളിച്ചു മടുത്തിട്ടാവണം
കുന്നുകള്‍ അലിഞ്ഞലിഞ്ഞില്ലാതായത്..

ഓടിയോടി മടുത്തിട്ടാവണം റോഡിലെ
കുഴികള്‍ കോണ്ട്രാക്ടറുടെ പോക്കറ്റിലായത്..

എഴുതിയെഴുതി മടുത്തിട്ടാവണം
അക്ഷരങ്ങള്‍ ബ്ലോഗിലേക്ക് കുടിയേറിയത്..

ഇനിയും മടുക്കുവാനും മാറിപ്പാര്‍ക്കുവാനും
കൊതിക്കുന്നവരുടെ ഇടയിലേക്ക് ഞാനും...

Sunday, April 24, 2011

നപുംസകം

മുഖം മൂടിയണിഞ്ഞ മനസ്സും,
മാറിയണിയുവാന്‍ സ്വയം വിധിച്ച,
വേഷഭൂഷകളും,ചേഷ്ട്ടകളും...
നികൃഷ്ട്ടമായ ജീവിതത്തിന്‍ നാടകമാടി,
നിഴലിലേക്കൊളിക്കുന്ന ജീവിതങ്ങള്‍..

വര്‍ണാഭമായ കണ്ണുനീര്‍ തുള്ളികള്‍ക്കും,
സഹതാപത്തിന്‍,വെറുപ്പിന്‍ ദൃഷ്ട്ടികള്‍ക്കും..
ചോര പൊടിയുന്ന ജന്മാന്തരങ്ങള്‍ക്കും,
സ്വയം വിധിക്കപെട്ടു ഉരുകുവാന്‍ വെമ്പുന്ന,
നിറങ്ങളില്‍ ചാലിച്ച നിറമില്ലാ ജീവിതങ്ങള്‍...

പാപമോ,പുണ്യമോ വേര്‍തിരിക്കാനാവാത്ത
കാലത്തിന്‍ തിരുശേഷിപ്പുകള്‍..
ദൂരേയ്ക്ക് പായ്ക്കുമ്പോഴും തീരത്തണയുവാന്‍..
മോഹിക്കുവാന്‍,പ്രണയിക്കുവാന്‍
ജീവിയ്ക്കുവാന്‍ വെമ്പുന്ന ജീവിതങ്ങള്‍...

അറപ്പിന്‍ നാണയ വിത്തുകള്‍ വാരി വിതറിയാലും
മുളപ്പിയ്ക്കുവാന്‍ ഇടമില്ലാതെ എരിഞ്ഞു തീരുന്ന
അപൂര്‍ണ്ണ ജന്മങ്ങള്‍....

Thursday, February 17, 2011

ദില്ലി ഡേയ്സ് ::::: ഫ്ളാറ്റ് നമ്പേഴ്സ്

ഞായറാഴ്ചകളില്‍ എന്റെ നേരം വെളുക്കുന്നത് പന്ത്രണ്ടു മണി കഴിഞ്ഞിട്ടായിരിക്കും.ഡിസംബര്‍ ജനുവരി മാസങ്ങള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട.ദൈവം തമ്പുരാന്‍ ഫ്രീയായി വരം തരാമെന്ന് പറഞ്ഞു പ്രത്യക്ഷപ്പെട്ടാല്‍പോലും അമ്മച്ചിയാണെ ഞാന്‍ ഏഴുന്നേല്‍ക്കൂല...

ഡിസംബറിലെ ആദ്യ ഞായറാഴ്ച, രജായിക്കടിയിലേക്ക് എത്രത്തോളം ഊര്‍ന്നിറങ്ങാമെന്ന ഗവേഷണത്തിനിടയിലാണ് കോളിംഗ് ബെല്‍ അടിച്ചത്.

ആദ്യത്തെ ബെല്‍ കേട്ടില്ലെന്നു നടിച്ചു.

ഒരിടവേളക്ക് ശേഷം പിന്നെയും ബെല്‍...അമ്മ പോയി തുറക്കട്ടെ..

കണ്ണടച്ചപ്പോഴാണ് ഓര്‍ത്തത്‌, അമ്മ ഇന്ന് ഗുഡ്ഗാവില്‍ പാര്‍വതി ആന്റിയുടെ വീട്ടില്‍ പോയി കാണുമല്ലോ.ശെടാ...എന്നെ ഏഴുന്നേല്‍പ്പിച്ചേ അടങ്ങു.ഇനി അടിക്കുമോന്നു നോക്കാം..എന്നിട്ടെഴുന്നേക്കാം.

ദാ.. പിന്നേം,എതവനാടാ,ടി രാവിലെ...മനുഷ്യനെ മെനക്കെടുത്താന്‍.

പതുക്കെ.. വളരെ പതുക്കെ എഴുന്നേറ്റു....വന്നവര്‍ പോകട്ടെ എന്ന ദുരുദ്യേശത്തോടെ തന്നെ.

ഡോര്‍ തുറന്നതും ആദ്യം കണ്ടത് വെളുക്കെ ചിരിച്ച പല്ലുകള്‍.

ഗുഡ് മോണിംഗ് ബേട്ടാ...ഞാന്‍ അങ്കിള്‍ജി എന്ന് വിളിക്കുന്ന മക്കാന്‍ മാലിക് ആണ്.
കിരായ ആണ് ആ ചിരിയുടെ ഉദ്ദേശം.

ഈ അമ്മയ്ക്ക് ഇതൊക്കെ കൊടുത്തിട്ട് പൊയ്ക്കൂടെ.തികട്ടി വന്ന ദേഷ്യത്തെ ചിരിയാക്കി..
വെരി ഗുഡ് മോണിംഗ് അങ്കിള്‍ജി, ഹൌ ആര്‍ യു ? ഹൌസ്‌ ബിസിനെസ് ? ഒരല്‍പം അമേരികന്‍ ആക്സെന്റില്‍ ഞാന്‍.

അങ്ങേര്‍ക്കു ആംഗലേയം അറിയില്ല,പുള്ളിയുടെ ഭീകരമായ കത്തിയില്‍ നിന്ന് ര ക്ഷപെടാന്‍ ഞാന്‍ ചിലപ്പോള്‍ അമേരിക്കകാരിയായി പോകും.
അതുകൊണ്ട് പുള്ളീടെ വിചാരം ഞാനേതോ തുക്കിടി സായ്‌വ് ആണെന്നാ. നമ്മളോടാ കളി.വേഗം പോയി കാശ് എടുത്തു കൊടുത്തു.
അത് വാങ്ങിക്കുന്ന ആ എളിമ കണ്ടാല്‍ അങ്ങേര്‍ക്കു ഞാന്‍ ദാനം കൊടുക്കാണെന്നു തോന്നും.ആ കാശിന്റെ കര്‍ത്താവ് കര്‍മ്മം ക്രിയ ആയ എന്റെ അച്ഛനോട് പോലും ഇത്ര ആദരവുണ്ടാവില്ല.(അച്ഛന്‍ ഇംഗ്ലീഷ് അറിയാത്തവരോട് ഇംഗ്ലീഷില്‍ സംസാരിക്കില്ല എന്നത് വേറെ കാര്യം)

പിന്നീടെന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ബൈ പറഞ്ഞു.ലോക്ക് ചെയ്തില്ല അതിനുമുന്‍പ്‌ പിന്നെയും ബെല്‍,ഈ ബെല്‍ തല്ലിപ്പൊട്ടിച്ചു കളയണം.

അടുത്ത ഫ്ളാറ്റിലെ ബിശ്വാസ്. നേരെ കണ്ടാല്‍പ്പോലും മിണ്ടാത്ത ഇവന്‍ എന്താ ഇവിടെ ?

പുള്ളി പൊളപ്പന്‍ ഇംഗ്ലീഷില്‍, മമ്മ ഇല്ലേ ?

ഇല്ല...

ഞാന്‍ ഒന്ന് പുറത്തു പോവാ,എന്റെ ഫ്രണ്ട് ഫ്ളാറ്റിലുണ്ട് ഇടയ്ക്കു ഒന്ന് നോക്കണേ.
പിന്നേ... ഇങ്ങേരുടെ ഫ്രണ്ടിനെ നോക്കലല്ലേ എന്റെ പണി.

ഓക്കേ മൂളി.

തിരിഞ്ഞു നടന്നിട്ട് പറഞ്ഞു, ആള്‍ കുറച്ചു മദ്യപിച്ചിട്ടുണ്ട്.ചിലപ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് ചാടാന്‍ ചാന്‍സുണ്ട്.അതാ ഒന്ന് നോക്കണേന്നു പറഞ്ഞത്.

മനസിലാകാത്തതുപോലെയുള്ള എന്റെ നില്‍പ്പ് കണ്ടിട്ട് ബിശ്വാസ് ഒന്നു കൂടി ആവര്‍ത്തിച്ചിട്ടു കീയും കറക്കി ദാണ്ടേ പോണു..

പുള്ളിക്കാരന് യാതൊരു ഭാവഭേദവും ഇല്ല. ആത്മ വിശ്വാസം കണ്ടാല്‍ ഡെയിലി വെള്ളമടിച്ചിട്ട് നാലാം നിലയില്‍ നിന്നും ചാടുന്ന പോലെയാ.
നല്ല തണുപ്പിലും ഞാന്‍ വിയര്‍ത്തു.::::: കുരിശായല്ലോ ദൈവമേ....

ആലോചിച്ചു നില്ക്കാന്‍ സമയം ഇല്ല. ബിശ്വാസിന്റെ ഫ്ളാടിലേക്ക് ഓടി. ഇനി ഞാന്‍ നോക്കിയില്ലാന്നു കരുതി അയാള്‍ ചാടണ്ട.

ഡോര്‍ തുറന്നു കിടക്കാണ്.

ആരെയും കാണുന്നില്ല, ദൈവമേ ചാടിയോ ? അറിയാതെ ഒരു വിറയല്‍.
മദ്യം എന്ന് കേള്‍ക്കുന്നതെ അലെര്‍ജിയായ ഞാനാണ് ഒരു മദ്യപാനിയെ നോക്കാന്‍ പോകുന്നത്...കണ്ടറിയാം അയാള് ചാടുമോ,അതോ ഞാന്‍ തള്ളിയിടുമോന്ന്.

ബാല്കനിയില്‍ അനക്കം ..കൊച്ചുകള്ളന്‍ ബാല്കനിയില്‍ ആണല്ലേ...ഇപ്പൊ ശരിയാക്കി തരാം.ഒരു പൂച്ചയെ പോലെ പതുങ്ങി ചെന്നു.

മദ്യപാനിയെ കണ്ടു ഞാന്‍ ഞെട്ടി.ഒന്നല്ല പലവട്ടം.

മദ്യപാനി അല്ല മദ്യപാനിനി.

കണ്ണ് തിരുമ്മി ഒന്നു കൂടി നോക്കി, പെണ്ണ് തന്നെ.

അവള്‍ എന്നെ കണ്ടു.വിഷ് ചെയ്തു..കുഴഞ്ഞ ശബ്ദത്തില്‍
ഞാന്‍ ആദ്യമായാണ് മദ്യപിച്ച ഒരു സ്ത്രീയെ ഇത്രയും അടുത്ത് കാണുന്നത്.അതിന്റെ സഭാകമ്പത്തില്‍ ദേഷ്യമൊക്കെ പറ പറന്നു.
അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഒന്നും മനസിലാവുന്നില്ല.മറാത്തി കലര്‍ന്ന ഇംഗ്ലീഷും അതിന്റെ കൂടെ നാവ് കുഴയലും കൂടിയായപ്പോള്‍ സംഭവം ജോര്‍.

പേര് പ്രിയ എന്ന് മാത്രം മനസിലായി.

ഞാന്‍ പ്രിയയെ പിടിച്ചു കസേരയില്‍ ഇരുത്താന്‍ ആവുന്നത് ശ്രമിച്ചു, നോ രക്ഷ...ആ തടിച്ച കൈയ്യില്‍ എന്റെ മെലിഞ്ഞ കൈ ഒന്നുമല്ലെന്ന് മനസിലായി.

പൊക്കവും നിറവും ലേശം കുറവാണെങ്കിലും ആള് സുന്ദരിയാ.ബിശ്വാസിന്റെ ഗേള്‍ ഫ്രണ്ട് ഇത്രയും സുന്ദരിയോ ?
അയാള്‍ വെളുത്ത് പൊക്കം കുറഞ്ഞ ഒരു ഞഞ്ഞാ പിഞ്ഞാ ലുക്കന്‍.

അവള്‍ എന്തൊക്കെയോ ചിലച്ചു കൊണ്ടിരുന്നു.വായില്‍ കിടന്ന ച്യുയിന്ഗം ആഞ്ഞു താഴേക്ക്‌ തുപ്പിയിട്ട് താഴേക്ക്‌ നോക്കി..അത് കണ്ടപ്പോ എന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി.ഇവള് സൈക്കിക് ആണെന്ന് തോന്നുന്നു,ആ നോട്ടം കണ്ടില്ലേ.

എന്റെ തോന്നല്‍ ശരിയാവും മുന്‍പ് അവള്‍ താഴേക്ക്‌ ചാടി....ദൈവത്തെ വിളിക്കാന്‍ പോലും ഞാന്‍ മറന്നു പോയി.

കാറ്റു പോലെ താഴേക്ക്‌ പോയ പ്രിയയെ കാണുന്നില്ല.പേടി കാരണം കാഴ്ച പോലും മങ്ങിയോ കൃഷ്ണാ. കണ്ണ് ഒന്നു കൂടി അടച്ചു തുറന്നു നോക്കി.

അതാ ഏറ്റവും താഴെ ആരോ വെയില്‍ കൊള്ളാനിട്ട ബ്ലാങ്കട്ടില്‍ മലന്നടിച്ചു കിടക്കുന്നു.ഹോ...ആശ്വാസമായി.....ഒരു ലോകാത്ഭുതത്തിനു സാക്ഷിയായതുപോലെ ഞാന്‍ തരിച്ചു നിന്നു പോയി.

ബ്ലാങ്കറ്റ് കൊണ്ടിട്ടവര്‍ക്ക് ഒരായിരം നന്ദി.

അവള്‍ടെ ആ കെടപ്പ് കണ്ടില്ലേ,,, സ്വന്തം വീട്ടിലെ ബെഡില്‍ കിടക്കും പോലെ.ഓടിച്ചെന്നു ഒറ്റ ചവിട്ടു കൊടുക്കാന്‍ തോന്നി...ശവി.
ഇനി അവിടെ കിടക്കട്ടെ..വേണെങ്കില്‍ ബോധം വരുമ്പോള്‍ എഴുന്നേറ്റു വരട്ടെ.

തിരിഞ്ഞതും പിന്നില്‍ ബിശ്വാസ്,ഒന്നും പറയാന്‍ പോയില്ല..താഴേക്ക്‌ ചൂണ്ടി കാണിച്ചിട്ട് ഞാന്‍ എന്റെ പാട്ടിനു പോയി.

കുറച്ചു കഴിഞ്ഞു പ്രിയയേയും താങ്ങി വരുന്ന ബിശ്വാസിനെ കണ്ടപ്പോള്‍ നമ്മുടെ നാട്ടില്‍ കുടിയന്മാരായ ഭര്‍ത്താക്കന്മാരെ താങ്ങി വരുന്ന ഭാര്യമാരെയാണ് ഓര്‍മ വന്നത്.

Monday, January 24, 2011

ദില്ലി ഡേയ്സ് ::::::: " ചെമ്പകവും അസൈന്‍മെന്റും പിന്നെ ഞാനും "

വാതിലില്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

ഹോ... ഈ അമ്മ ഒന്നുറങ്ങാനും സമ്മതിക്കില്ല.

ദേഷ്യത്തോടെയാണ് വാതില്‍ തുറന്നത്.

എന്തൊരുറക്കമാണ് കൊച്ചേ.... മണി ഒന്‍പതായി .ഇന്ന് നിനക്ക് കോളേജില്‍ പോവണ്ടേ.

ഒ... ന്‍... പതോ........പോ.. അമ്മേ ...എന്നിട്ട് അലാറം അടിച്ചില്ലല്ലോ..

ക്ലോകിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി പോയി അമ്മ പറഞ്ഞത് ശെരിയാണ്‌. ഇന്നും മൊബൈല്‍ ചതിച്ചു. വിശ്വാസം വരാതെ പില്ലോയിക്കടിയില്‍ വെച്ച മൊബൈല്‍ എടുത്തു നോക്കി. എഎം നു പകരം പിഎം ആണ് വെച്ചത്. ആലോചിച്ചു നില്ക്കാന്‍ സമയം ഇല്ല.

കയ്യില്‍ കിട്ടിയ ടവലുമെടുത്തു ബാത്ത്റൂമിലേക്ക് ഓടി .ഇന്ന് അസ്സൈന്മെന്റ് സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അവസ്തി സാറിന്‍റെ ഉണ്ടക്കണ് ഓര്‍ത്തപ്പോഴേ പല്ല്തേപ്പും കാക്ക ക്കുളിയുമൊക്കെ പത്തുമിനിട്ടിനുള്ളില്‍ കഴിഞ്ഞു.

ബാഗ്‌ ഇന്നലയേ എടുത്തു വെച്ചത് കൊണ്ട് രെക്ഷപെട്ടു .കയ്യില്‍ കിട്ടിയ ജീന്‍സും ടോപുമെടുതിട്ടു ഓടി...പുറകെ അമ്മ എന്തോ വിളിച്ചു കൂവുന്നത് കേട്ടു.

സ്പീഡില്‍ നടന്നാല്‍ പതിനഞ്ചു മിനിറ്റു കൊണ്ട് ബസ്‌ സ്ടോപിലെത്താം.കയ്യിലിരിപ്പ് നല്ലതായത്‌ കൊണ്ട് ആക്ടിവ അച്ഛന്‍ പൂട്ടി കെട്ടി.

ഇടുങ്ങിയ മൂന്ന് ഗെലികള്‍ നടന്നു വേണം എത്താന്‍. മൂന്നാള്‍ക്ക് മുട്ടാതെ നടക്കാമെങ്കിലും വഴി മുഴുവന്‍ സബ്ജി വാലാകള്‍ ആണ്.

പ്യാജ് ...ടോമാട്ടാര്‍... ബിണ്ടി........എന്നെ കണ്ടതും ഒരുത്തന്‍ കരേല കൂടി ചേര്‍ത്തു. അവനുമായി ഞാന്‍ ഒന്ന് ഒടക്കിയിട്ടുണ്ടേ.പുഴു തിന്ന പാവയ്ക്കാ തന്നതിന് .(ആദ്യമായി സബ്ജി വാങ്ങാന്‍ പോയതിന്‍റെ അഹങ്കാരം: അമ്മ ഉവാച )

അഗര്‍വാള്‍ സ്വീറ്സിന്റെ മുന്നിലെത്തിയപ്പോള്‍ എന്നത്തേയും പോലെ നടപ്പിന്റെ സ്പീഡ് കുറഞ്ഞു.ഈ ഗ്ലാസ്‌ ഡോറിലാണ് സൌന്ദര്യ അവലോകനത്തിന്റെ ഫൈനല്‍ ടച്ചപ്പ്.

ഓ ഗോഡ്.. ചീകിയ ചീര്‍പ്പ് തലയില്‍ തന്നെയുണ്ട്‌.....

ആരെങ്കിലും കണ്ടോ, ചുറ്റും ഒന്ന് നോക്കി..ഹേയ്..ആരും ശ്രെദ്ധിചിട്ടുണ്ടാവില്ല

കടയുടെ മുന്നിലിരുന്നു മഞ്ഞ ജിലേബിയുണ്ടാക്കുന്ന ആ ഒണങ്ങിയ ചെക്കന്‍ കണ്ടു കാണുമോ ?

പിന്നേ അവനിത് നോക്കാനല്ലേ സമയം ... അവന്‍ ഒരു കൈ കൊണ്ട് ജിലേബി കോരുന്നു മറുകൈ കൊണ്ട് കോരി വെച്ച ജിലെബിയിലെ ഈച്ചയെ ആട്ടുന്നു.

ഇല്ല ആരും കണ്ടില്ല......ബൊഹോത് ധന്യവാദ് അഗര്‍വാള്‍ജി.

ഇന്ന് തിരിച്ചു വരുമ്പോള്‍ ഇവിടുന്നു കുറച്ചു സ്വീട്സ് വാങ്ങിയിട്ടേ ഉള്ളു ബാക്കി കാര്യം.

അവിടെ കളഞ്ഞ രണ്ടു മിനിറ്റ് തിരിച്ചു പിടിക്കാന്‍ വീണ്ടും കാലിന്റെ ആക്സിലേടര്‍ ആഞ്ഞു ചവിട്ടി.
ആ റിതു പോയിക്കാണുമോ ? പോയെങ്കില്‍ അവള്‍ക്കു ഞാനിന്നു ദോശ കൊടുക്കില്ല നോക്കിക്കോ...അറിയാതെ ബാഗിലൊന്നു തപ്പി..

ലഞ്ച് ബോക്സ് എടുത്തില്ല...അതായിരിക്കാം അമ്മ വിളിച്ചു കൂവിയത്.

റിതു നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഇന്ന് നിന്‍റെ റൊട്ടി തന്നെ ശരണം

വളവു തിരിഞ്ഞതും ദാ, നില്‍ക്കുന്നു ഒരു ഗോമാതാ... ചതിച്ചല്ലോ ദൈവമേ. റോഡിനു വട്ടം വെച്ചാണ്‌ നില്‍പ്പ് .അതിനെ ഓടിക്കാമെന്നു വെച്ചാല്‍ നാട്ടുകാര്‍ എന്നെ ഓടിക്കും.

പശു തലയൊന്നു പൊക്കി. കോമള്‍ ദീദി കിണ്ടിയും വെള്ളവും റൊട്ടിയുമായി ദാ വരുന്നു.

ശെടാ...ഇന്നത്തെ കാര്യം പോക്കാ.

ഇനി അവരുടെ പൂജയും മണിയടിയുമൊക്കെ കഴിഞ്ഞാലെ ആ പശു ഒന്നനങ്ങു ...

അവസ്തി സാറിന്‍റെ ഉണ്ട കണ്ണുകള്‍ ഓര്‍ത്ത് സകല പശു ദൈവങ്ങളെയും മനസിലേക്കാവഹിച്ചു.

രെക്ഷ യില്ല. കാല്‍ അനങ്ങുന്നില്ല .

പണ്ടേ ഇവയെ ഒക്കെ പേടിയാ. പുറത്തു പറയാന്‍ പറ്റില്ല ....എന്നാലും.

രണ്ടും കല്‍പ്പിച്ചു മുന്നോട്ടു വെച്ചു. അതിനെ തൊട്ടു തൊട്ടില്ല ...

ഹാവു... രെക്ഷപെട്ടു ....

ഗോമാതാ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല. ഇത്രയേ ഉള്ളു കാര്യം ....അതിനാ ഞാന്‍ ശേ... മോശം....മോശം...

നമ്മുടെ നാട്ടിലെ പശു എങ്ങാനും ആയിരുന്നു എങ്കില്‍.... എപ്പോ,കാല് മടക്കി തോഴിചെന്നു ചോദിച്ചാ മതി.

നാളെ മുതല്‍ ഞാനും ഇതിനു റൊട്ടി കൊടുക്കും.നോക്കിക്കോ...

ആഞ്ഞു വെച്ചു നടന്നു. എവിടുന്നോ ഒരു മലയാളം പാട്ട് കേള്‍ക്കാം..

ചെമ്പകമേ..ചെമ്പകമേ....നീയെന്നും എന്റേതല്ലേ....നീലക്കായലോ....എന്നെ കണ്ടതും അവന്‍റെ പാട്ട് നിന്നു.

ഒരു ചുള്ളന്‍ നിന്നു കാറ് കഴുകുകയാണ്.നോക്കാന്‍ ഇപ്പൊ സമയമില്ല....

ചെമ്പകമേ..ചെമ്പകമേ....നീയെന്നും എന്റേതല്ലേ...

പിന്നെയും തുടങ്ങി....അവന്‍റെയൊരു ചെമ്പകം..

ഹാവു ...ബസ് സ്റ്റോപ്പ്‌ കാണാവുന്ന ദൂരമെത്തി

വസന്ത് കുഞ്ജ്....വസന്ത് കുഞ്ജ്....ബസുകാരന്‍ കിടന്നലറുന്നു.

മുന്നോട്ടാഞ്ഞ എന്‍റെ മേലേക്ക് ...ടപ്പോ.... എന്ന പോലെ വെള്ളം.

ഇതെന്താ മഴയോ...

തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചെമ്പകം കാറിലേക്ക് ഒഴിച്ച വെള്ളം മുഴുവന്‍ എന്‍റെ ദേഹത്തേക്ക്.

എന്ത് ചെയ്യണമെന്നറിയാതെ ഒരു മിനിറ്റ് നിന്നു പോയി ...

എന്‍റെ അസൈന്‍മെന്റ് ...അവസ്തി സര്‍.....ഒക്കെ ഓര്‍ത്തപ്പോള്‍ ...ആ ചെമ്പകതിനെ ഇടിച്ചു കൊല്ലാന്‍ തോന്നി.

ശക്തി മുഴുവന്‍ രണ്ടു കയ്യിലാക്കി ചുരുട്ടി പിടിച്ചു...അയ്യടാന്നു നിന്ന അവന്‍റെ നെഞ്ചിനിട്ടു രണ്ടു ഊക്കനിടി.

ഇവനെന്താ ജിം ആണോ...കൈ പോയി.

ഇന്നിനി കോളേജില്‍ പോകാന്‍ പറ്റില്ല...കരച്ചില് വന്നു.

ഇയാളെന്താ കരാട്ടെയാ.... പുറത്തേക്ക് വന്ന ചുമ അടക്കി ചെമ്പകം ചോദിച്ചത് കേള്‍ക്കാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു...

ഇടി കൊണ്ട നെഞ്ചും തടവി ആ ദുഷ്ട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ....ഇനി ആരെയും ഇങ്ങനെ ഇടിക്കല്ലേ മോളെ..

തലക്കെട്ടില്ല

മരിക്കാനെനിക്ക് മനസില്ല,

ജീവിക്കാനെനിക്കു കഴിവില്ല,

കഴിയാനെനിക്ക് മണ്ണില്ല,

മണ്ണില്ലാതോനു പെണ്ണില്ല,

പെണ്ണില്ലാത്തോണ്ട് ഉണ്ടില്ല,

ഉണ്ണാനെനിക്ക് ഊണില്ല,

ഊണില്ലാതോണ്ടു വിശപ്പില്ല,

വിശപ്പില്ലാതോന് ദാഹമില്ല,

ദാഹമില്ലാതോണ്ടു വെള്ളമില്ല,

വെള്ളമില്ലാതോന് കണ്ണ് നീരില്ല,

കണീരില്ലാതോനു കരച്ചിലില്ല,

കരയാനെനിക്ക് മനസില്ല,

മനസില്ലാതോന് ജീവിതമില്ല,

ജീവിതമില്ലതോണ്ട് മരണമില്ല.

മറവിയുടെ തിളക്കം

കോഴിക്കോട് ടൌണില്‍ ഒഴിവു ദിനം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത് ഇറങ്ങിയതാണ്.

കുരിശു പള്ളി എത്തിയപ്പോള്‍ ആമി പറഞ്ഞു , ഡാ ഒന്ന് സ്ലോ ചെയ്തേ. ..

ഓ.. ഇവള്‍ക്ക് ഭക്തി കൂടിയെന്ന് തോന്നുന്നു..നമാല്‍ കളിയാക്കി..

ആമിന കുട്ടിയെന്ന ആമി ആ ചെറിയ കുരിശു പള്ളിയിലേക്ക് ഒരു കൂട് മെഴുകുതിരിയുമായി പോകുന്നതും നോക്കി ഞാന്‍ ഇരുന്നു..

മനു എന്നെ തോണ്ടിയിട്ട്, ഡാ അച്ചു നോക്കിയേ ...

കൈ കൂപ്പി ഒരു രൂപം ഞങ്ങളുടെ തൊട്ടു മുന്നില്‍. അഴുക്കു നിറഞ്ഞ പിഞ്ഞി കീറിയ ഷര്‍ട്ടും കള്ളിമുണ്ടും ആണ് വേഷം...

ദൈവമേ ഇവര്‍.....സ്ത്രീയെന്നോ,പുരുഷനെന്നോ വേര്‍തിരിച്ചറിയാത്ത രീതിയിലേക്ക് ആ സ്ത്രീ പിന്നെയും മാറി പോയിരുന്നു.

മനു ഒരു പത്തു രൂപ നോട്ടു അവരുടെ കൂപ്പിയ കൈകളിലേക്ക് വെച്ച് കൊടുത്തു. പക്ഷെ, അവര്‍ അത് ശ്രെധിച്ചില്ല.ആ കണ്ണുകള്‍ ദയയോടെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.

അഹങ്കാരം കണ്ടില്ലേ..പത്തു രൂപ തികയില്ല പോലും...മനു ദേഷ്യത്തിലാണ്.

അവര്‍ക്ക് കാശ് അല്ല ആവശ്യം മനൂ .. ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.

പിന്നെ എന്താ അവര്‍ക്ക് വേണ്ടത്,എന്ന് ചോദിച്ചു കൊണ്ട്
നമാലും എന്‍റെ കൂടെ ഇറങ്ങി.

കുറച്ചു നാള്‍ മുന്‍പ് ഞങ്ങള്‍ കുറച്ചു ഫ്രണ്ട്സ് ചേര്‍ന്ന് ഇവര്‍ക്കും ഇവരെ പോലെയുള്ള മറ്റു ചിലര്‍ക്കും എന്നും ഉച്ചക്ക് ഓരോ പൊതി ചോറ് എത്തിക്കുമായിരുന്നു..അതാണ് ഈ കൂപ്പു കയ്യുടെ രൂപത്തില്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. തിരക്കിനിടയിലെപ്പോഴോ ഞാന്‍ അത് മറന്നു. പക്ഷെ അവര്‍ക്ക് എന്നെ നല്ല ഓര്‍മയുണ്ട്.

ഞാന്‍ പറഞ്ഞത് കേട്ടയുടന്‍ തന്നെ നമാല്‍ കാറുമെടുത്തു പോയി കുറച്ചു പൊതി ചോറുമായി വന്നു.
അപ്പോഴും ആ കൈകള്‍ തൊഴുതു കൊണ്ട് നില്‍ക്കുകയായിരുന്നു

അവര്‍ക്ക് അതിലൊരു പൊതി നമാല്‍ കൊടുത്തിട്ട് വാങ്ങിയില്ല..ഒരു പക്ഷേ ഇത്ര നാളും
മറന്നതിന്റെ പരിഭവമായിരിക്കാം .

അചൂ,നീ കൊട്...

അവരുടെ കൈകളിലേക്ക് ഞാന്‍ അത് വെച്ചപ്പോള്‍ ആ നിറഞ്ഞ കണ്ണുകള്‍ ഒന്ന് തിളങ്ങി.

റോഡിന്‍റെ ഓരത്ത് കുത്തിയിരുന്ന് പൊതിയഴിച്ചു അവര്‍ കഴിക്കുന്നത്‌ നോക്കിയിരുന്നപ്പോള്‍ മറ്റുള്ള പോതികള്‍ക്കും അവകാശികള്‍ എത്തി തുടങ്ങി.

പിന്നില്‍ മൊബൈല്‍ ക്യാമറകള്‍ മിന്നുന്നത് കണ്ടു...കഷ്ട്ടം.

ഇറങ്ങി ഒന്ന് പൊട്ടിച്ചാലോ...അതുവരെ മിണ്ടാതിരുന്ന അതുലിന്റെ കൈ തരിച്ചു.

വേണ്ടടാ പോട്ടെ....

ഇതൊന്നും അറിയാതെ അവര്‍ കഴിച്ചു കൊണ്ടിരിന്നു..ഇടയ്ക്കു കണ്ണുകള്‍ ഉയര്‍ത്തി നോക്കി. ഞങ്ങളെയും ആ പൊതിചോറിനെയും അല്ലാതെ മറ്റൊന്നും അവര്‍ ശ്രെദ്ധിചിരുന്നില്ല .

അവരുടെ വയറു നിറഞ്ഞപോലെ മനസ് നിറഞ്ഞു ഞങ്ങളും കുരിശു പള്ളിയോടു വിട പറഞ്ഞു.