Popular Posts

Thursday, September 8, 2011

അങ്ങനെ കുഞ്ഞൂട്ടനും പറഞ്ഞു : "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ"

ആകെപ്പാടെ തകര്‍ന്നിരിക്കുകയാണ് കുഞ്ഞൂട്ടന്‍ .. ഹല്ലാ.... എങ്ങനെ തകരാതിരിക്കും, അമ്മാതിരി പണിയല്ലിയോ മിനിറ്റിന് മിനിറ്റിന് കിട്ടിക്കോണ്ടിരിക്കുന്നത് കൂടെ നടന്നവന്മാര് വരെ തുരു തുരാ പാര വെക്കുന്നു.

ഇപ്പൊ തകരാനുണ്ടായ കാര്യം എന്താന്ന് വെച്ചാല്‍ തായ് വഴിയായി (അങ്ങനെയല്ലെങ്കിലും)കിട്ടിയ ഭൂസ്വത്തോക്കെ അഴിമതി നടത്തിയുണ്ടാക്കിയതാണ് പോലും, പറഞ്ഞത് മറ്റാരുമല്ല അങ്ങേ വീട്ടിലെ അവറാച്ചന്‍. പുള്ളിക്ക് പണ്ടു മുതലേ 'ശ്ശി' കണ്ണു കടിയുള്ളതാ, എന്നതാന്നു വെച്ചാല്‍ അവറാച്ചന്‍ ആള് ഇമ്മിണി പരിശുദ്ധന്‍ ആണേലും പുള്ളീടെ മോന്‍ കിരണാച്ചന്‍ ആള് ഭീകരനാ.നമ്മടെ കുഞ്ഞൂട്ടന്‍ മനസ്സില്‍ കാണുന്നതൊക്കെയും കിരണാച്ചന്‍ തെങ്ങുമ്മേല്‍ കണ്ടു ടപ്പേന്ന് അടിച്ചു മാറ്റും.
കയ്യാങ്കളി തുടങ്ങിയിട്ട് കുറച്ചായീ. പോട്ടെ പോട്ടേന്നു വെക്കുംതോറും ലവന്‍ കേറി അങ്ങ് ആളാവുന്നത്‌ കാണുമ്പോ കുഞ്ഞൂട്ടന് സഹിക്കാന്മേല.

പ്രത്യക്ഷമായിട്ടൊരു നീക്കു പോക്കിന് രണ്ടു കൂട്ടരും തയ്യാറാകാത്തതിനാല്‍ ഒരു കമ്മിറ്റി വിളിച്ചു ചേര്‍ത്ത് കാര്യം പരിഹരിക്കാനാണ് കൂടെയുള്ളവര്‍ തീരുമാനിച്ചത്.

കമ്മിറ്റി കൂടിയത് അതിലും ഭേഷായി, നാടു നീളെ കേസുകള്‍ പല രീതിയിലും തെളിഞ്ഞും മറഞ്ഞുമുള്ള കുഞ്ഞൂട്ടന് നേരെ കമ്മിറ്റി അങ്ങ് തിരിഞ്ഞില്ലായോ പോരാത്തതിനു ഈയിടെ ഒന്നും രണ്ടും പറഞ്ഞു കൂറുമാറിയ റാഫേലും.കുഞ്ഞൂട്ടന് കപ്പ മോഷണം മുതല്‍ പെണ്ണ് കേസുവരെ ലിസ്റ്റിലുണ്ടെന്നും അതിനു കൂട്ട് നിന്ന തനിക്കൊരു ഇമ്മിണി പോലും തന്നില്ലാന്നും പറഞ്ഞാത്രേ റാഫേല്‍ കമ്മിറ്റിയില്‍ ആളായത്.അതും കൂടി കേട്ട് എല്ലാരും കൂടി തനിക്കെതിരെ തിരിഞ്ഞപ്പോള്‍ കുഞ്ഞൂട്ടന്റെ കണ്ട്രോള്‍ അങ്ങ് തെറ്റിയില്ലായോ. അങ്ങനല്ലിയോ കുഞ്ഞൂട്ടന്‍ വിളിച്ചു പറഞ്ഞത് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേന്ന്. പണ്ടെങ്ങാണ്ട് ആരോ ഇങ്ങനെ പറഞ്ഞപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലായെന്നും അതിന്‍റെ ആ ...ആ....ഒരു ധൈര്യത്തിലാണ് ഇങ്ങനങ്ങ് വെച്ച് കാച്ചിയത്.

ഹല്ലാ... ഇനീപ്പോ ആരേലും രണ്ടു കല്ലെറിഞ്ഞാലും അതുപകാരമാകുമേ..ആകെപ്പാടെ ഒണ്ടാരുന്ന ഒരു ചായക്കട തെക്കന്‍ പിള്ളേച്ചന്‍ ചുളുവിലയ്ക്കടിച്ചു മാറ്റുവേം ചെയ്തു ..വല്ലോരും എറിയുന്ന കല്ലു ചേര്‍ത്തുവെച്ച്,ആ കടവിന്‍റെ തീരത്തൊരു തട്ടുകടയുണ്ടാക്കി ശിഷ്ട്ടകാലം ജീവിക്കാമെന്ന് വെച്ചപ്പോ കല്ലെറിയാനും നോ പീപ്പിള്‍...

അപ്പൊ കുഞ്ഞൂട്ടന്‍ ആരായീ ....







** ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രേതാത്മക്കളുടെ സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും വിരോധപരയമായ മനസ്സിന്‍റെ അന്തരംഗങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ആഗോളതാപീകരണത്തിന്റെ അന്ത:സത്തയാവാം..

No comments: