Popular Posts

Monday, January 24, 2011

ദില്ലി ഡേയ്സ് ::::::: " ചെമ്പകവും അസൈന്‍മെന്റും പിന്നെ ഞാനും "

വാതിലില്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

ഹോ... ഈ അമ്മ ഒന്നുറങ്ങാനും സമ്മതിക്കില്ല.

ദേഷ്യത്തോടെയാണ് വാതില്‍ തുറന്നത്.

എന്തൊരുറക്കമാണ് കൊച്ചേ.... മണി ഒന്‍പതായി .ഇന്ന് നിനക്ക് കോളേജില്‍ പോവണ്ടേ.

ഒ... ന്‍... പതോ........പോ.. അമ്മേ ...എന്നിട്ട് അലാറം അടിച്ചില്ലല്ലോ..

ക്ലോകിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി പോയി അമ്മ പറഞ്ഞത് ശെരിയാണ്‌. ഇന്നും മൊബൈല്‍ ചതിച്ചു. വിശ്വാസം വരാതെ പില്ലോയിക്കടിയില്‍ വെച്ച മൊബൈല്‍ എടുത്തു നോക്കി. എഎം നു പകരം പിഎം ആണ് വെച്ചത്. ആലോചിച്ചു നില്ക്കാന്‍ സമയം ഇല്ല.

കയ്യില്‍ കിട്ടിയ ടവലുമെടുത്തു ബാത്ത്റൂമിലേക്ക് ഓടി .ഇന്ന് അസ്സൈന്മെന്റ് സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അവസ്തി സാറിന്‍റെ ഉണ്ടക്കണ് ഓര്‍ത്തപ്പോഴേ പല്ല്തേപ്പും കാക്ക ക്കുളിയുമൊക്കെ പത്തുമിനിട്ടിനുള്ളില്‍ കഴിഞ്ഞു.

ബാഗ്‌ ഇന്നലയേ എടുത്തു വെച്ചത് കൊണ്ട് രെക്ഷപെട്ടു .കയ്യില്‍ കിട്ടിയ ജീന്‍സും ടോപുമെടുതിട്ടു ഓടി...പുറകെ അമ്മ എന്തോ വിളിച്ചു കൂവുന്നത് കേട്ടു.

സ്പീഡില്‍ നടന്നാല്‍ പതിനഞ്ചു മിനിറ്റു കൊണ്ട് ബസ്‌ സ്ടോപിലെത്താം.കയ്യിലിരിപ്പ് നല്ലതായത്‌ കൊണ്ട് ആക്ടിവ അച്ഛന്‍ പൂട്ടി കെട്ടി.

ഇടുങ്ങിയ മൂന്ന് ഗെലികള്‍ നടന്നു വേണം എത്താന്‍. മൂന്നാള്‍ക്ക് മുട്ടാതെ നടക്കാമെങ്കിലും വഴി മുഴുവന്‍ സബ്ജി വാലാകള്‍ ആണ്.

പ്യാജ് ...ടോമാട്ടാര്‍... ബിണ്ടി........എന്നെ കണ്ടതും ഒരുത്തന്‍ കരേല കൂടി ചേര്‍ത്തു. അവനുമായി ഞാന്‍ ഒന്ന് ഒടക്കിയിട്ടുണ്ടേ.പുഴു തിന്ന പാവയ്ക്കാ തന്നതിന് .(ആദ്യമായി സബ്ജി വാങ്ങാന്‍ പോയതിന്‍റെ അഹങ്കാരം: അമ്മ ഉവാച )

അഗര്‍വാള്‍ സ്വീറ്സിന്റെ മുന്നിലെത്തിയപ്പോള്‍ എന്നത്തേയും പോലെ നടപ്പിന്റെ സ്പീഡ് കുറഞ്ഞു.ഈ ഗ്ലാസ്‌ ഡോറിലാണ് സൌന്ദര്യ അവലോകനത്തിന്റെ ഫൈനല്‍ ടച്ചപ്പ്.

ഓ ഗോഡ്.. ചീകിയ ചീര്‍പ്പ് തലയില്‍ തന്നെയുണ്ട്‌.....

ആരെങ്കിലും കണ്ടോ, ചുറ്റും ഒന്ന് നോക്കി..ഹേയ്..ആരും ശ്രെദ്ധിചിട്ടുണ്ടാവില്ല

കടയുടെ മുന്നിലിരുന്നു മഞ്ഞ ജിലേബിയുണ്ടാക്കുന്ന ആ ഒണങ്ങിയ ചെക്കന്‍ കണ്ടു കാണുമോ ?

പിന്നേ അവനിത് നോക്കാനല്ലേ സമയം ... അവന്‍ ഒരു കൈ കൊണ്ട് ജിലേബി കോരുന്നു മറുകൈ കൊണ്ട് കോരി വെച്ച ജിലെബിയിലെ ഈച്ചയെ ആട്ടുന്നു.

ഇല്ല ആരും കണ്ടില്ല......ബൊഹോത് ധന്യവാദ് അഗര്‍വാള്‍ജി.

ഇന്ന് തിരിച്ചു വരുമ്പോള്‍ ഇവിടുന്നു കുറച്ചു സ്വീട്സ് വാങ്ങിയിട്ടേ ഉള്ളു ബാക്കി കാര്യം.

അവിടെ കളഞ്ഞ രണ്ടു മിനിറ്റ് തിരിച്ചു പിടിക്കാന്‍ വീണ്ടും കാലിന്റെ ആക്സിലേടര്‍ ആഞ്ഞു ചവിട്ടി.
ആ റിതു പോയിക്കാണുമോ ? പോയെങ്കില്‍ അവള്‍ക്കു ഞാനിന്നു ദോശ കൊടുക്കില്ല നോക്കിക്കോ...അറിയാതെ ബാഗിലൊന്നു തപ്പി..

ലഞ്ച് ബോക്സ് എടുത്തില്ല...അതായിരിക്കാം അമ്മ വിളിച്ചു കൂവിയത്.

റിതു നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഇന്ന് നിന്‍റെ റൊട്ടി തന്നെ ശരണം

വളവു തിരിഞ്ഞതും ദാ, നില്‍ക്കുന്നു ഒരു ഗോമാതാ... ചതിച്ചല്ലോ ദൈവമേ. റോഡിനു വട്ടം വെച്ചാണ്‌ നില്‍പ്പ് .അതിനെ ഓടിക്കാമെന്നു വെച്ചാല്‍ നാട്ടുകാര്‍ എന്നെ ഓടിക്കും.

പശു തലയൊന്നു പൊക്കി. കോമള്‍ ദീദി കിണ്ടിയും വെള്ളവും റൊട്ടിയുമായി ദാ വരുന്നു.

ശെടാ...ഇന്നത്തെ കാര്യം പോക്കാ.

ഇനി അവരുടെ പൂജയും മണിയടിയുമൊക്കെ കഴിഞ്ഞാലെ ആ പശു ഒന്നനങ്ങു ...

അവസ്തി സാറിന്‍റെ ഉണ്ട കണ്ണുകള്‍ ഓര്‍ത്ത് സകല പശു ദൈവങ്ങളെയും മനസിലേക്കാവഹിച്ചു.

രെക്ഷ യില്ല. കാല്‍ അനങ്ങുന്നില്ല .

പണ്ടേ ഇവയെ ഒക്കെ പേടിയാ. പുറത്തു പറയാന്‍ പറ്റില്ല ....എന്നാലും.

രണ്ടും കല്‍പ്പിച്ചു മുന്നോട്ടു വെച്ചു. അതിനെ തൊട്ടു തൊട്ടില്ല ...

ഹാവു... രെക്ഷപെട്ടു ....

ഗോമാതാ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല. ഇത്രയേ ഉള്ളു കാര്യം ....അതിനാ ഞാന്‍ ശേ... മോശം....മോശം...

നമ്മുടെ നാട്ടിലെ പശു എങ്ങാനും ആയിരുന്നു എങ്കില്‍.... എപ്പോ,കാല് മടക്കി തോഴിചെന്നു ചോദിച്ചാ മതി.

നാളെ മുതല്‍ ഞാനും ഇതിനു റൊട്ടി കൊടുക്കും.നോക്കിക്കോ...

ആഞ്ഞു വെച്ചു നടന്നു. എവിടുന്നോ ഒരു മലയാളം പാട്ട് കേള്‍ക്കാം..

ചെമ്പകമേ..ചെമ്പകമേ....നീയെന്നും എന്റേതല്ലേ....നീലക്കായലോ....എന്നെ കണ്ടതും അവന്‍റെ പാട്ട് നിന്നു.

ഒരു ചുള്ളന്‍ നിന്നു കാറ് കഴുകുകയാണ്.നോക്കാന്‍ ഇപ്പൊ സമയമില്ല....

ചെമ്പകമേ..ചെമ്പകമേ....നീയെന്നും എന്റേതല്ലേ...

പിന്നെയും തുടങ്ങി....അവന്‍റെയൊരു ചെമ്പകം..

ഹാവു ...ബസ് സ്റ്റോപ്പ്‌ കാണാവുന്ന ദൂരമെത്തി

വസന്ത് കുഞ്ജ്....വസന്ത് കുഞ്ജ്....ബസുകാരന്‍ കിടന്നലറുന്നു.

മുന്നോട്ടാഞ്ഞ എന്‍റെ മേലേക്ക് ...ടപ്പോ.... എന്ന പോലെ വെള്ളം.

ഇതെന്താ മഴയോ...

തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചെമ്പകം കാറിലേക്ക് ഒഴിച്ച വെള്ളം മുഴുവന്‍ എന്‍റെ ദേഹത്തേക്ക്.

എന്ത് ചെയ്യണമെന്നറിയാതെ ഒരു മിനിറ്റ് നിന്നു പോയി ...

എന്‍റെ അസൈന്‍മെന്റ് ...അവസ്തി സര്‍.....ഒക്കെ ഓര്‍ത്തപ്പോള്‍ ...ആ ചെമ്പകതിനെ ഇടിച്ചു കൊല്ലാന്‍ തോന്നി.

ശക്തി മുഴുവന്‍ രണ്ടു കയ്യിലാക്കി ചുരുട്ടി പിടിച്ചു...അയ്യടാന്നു നിന്ന അവന്‍റെ നെഞ്ചിനിട്ടു രണ്ടു ഊക്കനിടി.

ഇവനെന്താ ജിം ആണോ...കൈ പോയി.

ഇന്നിനി കോളേജില്‍ പോകാന്‍ പറ്റില്ല...കരച്ചില് വന്നു.

ഇയാളെന്താ കരാട്ടെയാ.... പുറത്തേക്ക് വന്ന ചുമ അടക്കി ചെമ്പകം ചോദിച്ചത് കേള്‍ക്കാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു...

ഇടി കൊണ്ട നെഞ്ചും തടവി ആ ദുഷ്ട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ....ഇനി ആരെയും ഇങ്ങനെ ഇടിക്കല്ലേ മോളെ..

1 comment:

Arun Kumar Pillai said...

ha ha.. superb
kurachu pathukke idichoodarnno.. ayal arinjondallaalo.. ho.. :-D