Popular Posts

Thursday, February 17, 2011

ദില്ലി ഡേയ്സ് ::::: ഫ്ളാറ്റ് നമ്പേഴ്സ്

ഞായറാഴ്ചകളില്‍ എന്റെ നേരം വെളുക്കുന്നത് പന്ത്രണ്ടു മണി കഴിഞ്ഞിട്ടായിരിക്കും.ഡിസംബര്‍ ജനുവരി മാസങ്ങള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട.ദൈവം തമ്പുരാന്‍ ഫ്രീയായി വരം തരാമെന്ന് പറഞ്ഞു പ്രത്യക്ഷപ്പെട്ടാല്‍പോലും അമ്മച്ചിയാണെ ഞാന്‍ ഏഴുന്നേല്‍ക്കൂല...

ഡിസംബറിലെ ആദ്യ ഞായറാഴ്ച, രജായിക്കടിയിലേക്ക് എത്രത്തോളം ഊര്‍ന്നിറങ്ങാമെന്ന ഗവേഷണത്തിനിടയിലാണ് കോളിംഗ് ബെല്‍ അടിച്ചത്.

ആദ്യത്തെ ബെല്‍ കേട്ടില്ലെന്നു നടിച്ചു.

ഒരിടവേളക്ക് ശേഷം പിന്നെയും ബെല്‍...അമ്മ പോയി തുറക്കട്ടെ..

കണ്ണടച്ചപ്പോഴാണ് ഓര്‍ത്തത്‌, അമ്മ ഇന്ന് ഗുഡ്ഗാവില്‍ പാര്‍വതി ആന്റിയുടെ വീട്ടില്‍ പോയി കാണുമല്ലോ.ശെടാ...എന്നെ ഏഴുന്നേല്‍പ്പിച്ചേ അടങ്ങു.ഇനി അടിക്കുമോന്നു നോക്കാം..എന്നിട്ടെഴുന്നേക്കാം.

ദാ.. പിന്നേം,എതവനാടാ,ടി രാവിലെ...മനുഷ്യനെ മെനക്കെടുത്താന്‍.

പതുക്കെ.. വളരെ പതുക്കെ എഴുന്നേറ്റു....വന്നവര്‍ പോകട്ടെ എന്ന ദുരുദ്യേശത്തോടെ തന്നെ.

ഡോര്‍ തുറന്നതും ആദ്യം കണ്ടത് വെളുക്കെ ചിരിച്ച പല്ലുകള്‍.

ഗുഡ് മോണിംഗ് ബേട്ടാ...ഞാന്‍ അങ്കിള്‍ജി എന്ന് വിളിക്കുന്ന മക്കാന്‍ മാലിക് ആണ്.
കിരായ ആണ് ആ ചിരിയുടെ ഉദ്ദേശം.

ഈ അമ്മയ്ക്ക് ഇതൊക്കെ കൊടുത്തിട്ട് പൊയ്ക്കൂടെ.തികട്ടി വന്ന ദേഷ്യത്തെ ചിരിയാക്കി..
വെരി ഗുഡ് മോണിംഗ് അങ്കിള്‍ജി, ഹൌ ആര്‍ യു ? ഹൌസ്‌ ബിസിനെസ് ? ഒരല്‍പം അമേരികന്‍ ആക്സെന്റില്‍ ഞാന്‍.

അങ്ങേര്‍ക്കു ആംഗലേയം അറിയില്ല,പുള്ളിയുടെ ഭീകരമായ കത്തിയില്‍ നിന്ന് ര ക്ഷപെടാന്‍ ഞാന്‍ ചിലപ്പോള്‍ അമേരിക്കകാരിയായി പോകും.
അതുകൊണ്ട് പുള്ളീടെ വിചാരം ഞാനേതോ തുക്കിടി സായ്‌വ് ആണെന്നാ. നമ്മളോടാ കളി.വേഗം പോയി കാശ് എടുത്തു കൊടുത്തു.
അത് വാങ്ങിക്കുന്ന ആ എളിമ കണ്ടാല്‍ അങ്ങേര്‍ക്കു ഞാന്‍ ദാനം കൊടുക്കാണെന്നു തോന്നും.ആ കാശിന്റെ കര്‍ത്താവ് കര്‍മ്മം ക്രിയ ആയ എന്റെ അച്ഛനോട് പോലും ഇത്ര ആദരവുണ്ടാവില്ല.(അച്ഛന്‍ ഇംഗ്ലീഷ് അറിയാത്തവരോട് ഇംഗ്ലീഷില്‍ സംസാരിക്കില്ല എന്നത് വേറെ കാര്യം)

പിന്നീടെന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ബൈ പറഞ്ഞു.ലോക്ക് ചെയ്തില്ല അതിനുമുന്‍പ്‌ പിന്നെയും ബെല്‍,ഈ ബെല്‍ തല്ലിപ്പൊട്ടിച്ചു കളയണം.

അടുത്ത ഫ്ളാറ്റിലെ ബിശ്വാസ്. നേരെ കണ്ടാല്‍പ്പോലും മിണ്ടാത്ത ഇവന്‍ എന്താ ഇവിടെ ?

പുള്ളി പൊളപ്പന്‍ ഇംഗ്ലീഷില്‍, മമ്മ ഇല്ലേ ?

ഇല്ല...

ഞാന്‍ ഒന്ന് പുറത്തു പോവാ,എന്റെ ഫ്രണ്ട് ഫ്ളാറ്റിലുണ്ട് ഇടയ്ക്കു ഒന്ന് നോക്കണേ.
പിന്നേ... ഇങ്ങേരുടെ ഫ്രണ്ടിനെ നോക്കലല്ലേ എന്റെ പണി.

ഓക്കേ മൂളി.

തിരിഞ്ഞു നടന്നിട്ട് പറഞ്ഞു, ആള്‍ കുറച്ചു മദ്യപിച്ചിട്ടുണ്ട്.ചിലപ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് ചാടാന്‍ ചാന്‍സുണ്ട്.അതാ ഒന്ന് നോക്കണേന്നു പറഞ്ഞത്.

മനസിലാകാത്തതുപോലെയുള്ള എന്റെ നില്‍പ്പ് കണ്ടിട്ട് ബിശ്വാസ് ഒന്നു കൂടി ആവര്‍ത്തിച്ചിട്ടു കീയും കറക്കി ദാണ്ടേ പോണു..

പുള്ളിക്കാരന് യാതൊരു ഭാവഭേദവും ഇല്ല. ആത്മ വിശ്വാസം കണ്ടാല്‍ ഡെയിലി വെള്ളമടിച്ചിട്ട് നാലാം നിലയില്‍ നിന്നും ചാടുന്ന പോലെയാ.
നല്ല തണുപ്പിലും ഞാന്‍ വിയര്‍ത്തു.::::: കുരിശായല്ലോ ദൈവമേ....

ആലോചിച്ചു നില്ക്കാന്‍ സമയം ഇല്ല. ബിശ്വാസിന്റെ ഫ്ളാടിലേക്ക് ഓടി. ഇനി ഞാന്‍ നോക്കിയില്ലാന്നു കരുതി അയാള്‍ ചാടണ്ട.

ഡോര്‍ തുറന്നു കിടക്കാണ്.

ആരെയും കാണുന്നില്ല, ദൈവമേ ചാടിയോ ? അറിയാതെ ഒരു വിറയല്‍.
മദ്യം എന്ന് കേള്‍ക്കുന്നതെ അലെര്‍ജിയായ ഞാനാണ് ഒരു മദ്യപാനിയെ നോക്കാന്‍ പോകുന്നത്...കണ്ടറിയാം അയാള് ചാടുമോ,അതോ ഞാന്‍ തള്ളിയിടുമോന്ന്.

ബാല്കനിയില്‍ അനക്കം ..കൊച്ചുകള്ളന്‍ ബാല്കനിയില്‍ ആണല്ലേ...ഇപ്പൊ ശരിയാക്കി തരാം.ഒരു പൂച്ചയെ പോലെ പതുങ്ങി ചെന്നു.

മദ്യപാനിയെ കണ്ടു ഞാന്‍ ഞെട്ടി.ഒന്നല്ല പലവട്ടം.

മദ്യപാനി അല്ല മദ്യപാനിനി.

കണ്ണ് തിരുമ്മി ഒന്നു കൂടി നോക്കി, പെണ്ണ് തന്നെ.

അവള്‍ എന്നെ കണ്ടു.വിഷ് ചെയ്തു..കുഴഞ്ഞ ശബ്ദത്തില്‍
ഞാന്‍ ആദ്യമായാണ് മദ്യപിച്ച ഒരു സ്ത്രീയെ ഇത്രയും അടുത്ത് കാണുന്നത്.അതിന്റെ സഭാകമ്പത്തില്‍ ദേഷ്യമൊക്കെ പറ പറന്നു.
അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഒന്നും മനസിലാവുന്നില്ല.മറാത്തി കലര്‍ന്ന ഇംഗ്ലീഷും അതിന്റെ കൂടെ നാവ് കുഴയലും കൂടിയായപ്പോള്‍ സംഭവം ജോര്‍.

പേര് പ്രിയ എന്ന് മാത്രം മനസിലായി.

ഞാന്‍ പ്രിയയെ പിടിച്ചു കസേരയില്‍ ഇരുത്താന്‍ ആവുന്നത് ശ്രമിച്ചു, നോ രക്ഷ...ആ തടിച്ച കൈയ്യില്‍ എന്റെ മെലിഞ്ഞ കൈ ഒന്നുമല്ലെന്ന് മനസിലായി.

പൊക്കവും നിറവും ലേശം കുറവാണെങ്കിലും ആള് സുന്ദരിയാ.ബിശ്വാസിന്റെ ഗേള്‍ ഫ്രണ്ട് ഇത്രയും സുന്ദരിയോ ?
അയാള്‍ വെളുത്ത് പൊക്കം കുറഞ്ഞ ഒരു ഞഞ്ഞാ പിഞ്ഞാ ലുക്കന്‍.

അവള്‍ എന്തൊക്കെയോ ചിലച്ചു കൊണ്ടിരുന്നു.വായില്‍ കിടന്ന ച്യുയിന്ഗം ആഞ്ഞു താഴേക്ക്‌ തുപ്പിയിട്ട് താഴേക്ക്‌ നോക്കി..അത് കണ്ടപ്പോ എന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി.ഇവള് സൈക്കിക് ആണെന്ന് തോന്നുന്നു,ആ നോട്ടം കണ്ടില്ലേ.

എന്റെ തോന്നല്‍ ശരിയാവും മുന്‍പ് അവള്‍ താഴേക്ക്‌ ചാടി....ദൈവത്തെ വിളിക്കാന്‍ പോലും ഞാന്‍ മറന്നു പോയി.

കാറ്റു പോലെ താഴേക്ക്‌ പോയ പ്രിയയെ കാണുന്നില്ല.പേടി കാരണം കാഴ്ച പോലും മങ്ങിയോ കൃഷ്ണാ. കണ്ണ് ഒന്നു കൂടി അടച്ചു തുറന്നു നോക്കി.

അതാ ഏറ്റവും താഴെ ആരോ വെയില്‍ കൊള്ളാനിട്ട ബ്ലാങ്കട്ടില്‍ മലന്നടിച്ചു കിടക്കുന്നു.ഹോ...ആശ്വാസമായി.....ഒരു ലോകാത്ഭുതത്തിനു സാക്ഷിയായതുപോലെ ഞാന്‍ തരിച്ചു നിന്നു പോയി.

ബ്ലാങ്കറ്റ് കൊണ്ടിട്ടവര്‍ക്ക് ഒരായിരം നന്ദി.

അവള്‍ടെ ആ കെടപ്പ് കണ്ടില്ലേ,,, സ്വന്തം വീട്ടിലെ ബെഡില്‍ കിടക്കും പോലെ.ഓടിച്ചെന്നു ഒറ്റ ചവിട്ടു കൊടുക്കാന്‍ തോന്നി...ശവി.
ഇനി അവിടെ കിടക്കട്ടെ..വേണെങ്കില്‍ ബോധം വരുമ്പോള്‍ എഴുന്നേറ്റു വരട്ടെ.

തിരിഞ്ഞതും പിന്നില്‍ ബിശ്വാസ്,ഒന്നും പറയാന്‍ പോയില്ല..താഴേക്ക്‌ ചൂണ്ടി കാണിച്ചിട്ട് ഞാന്‍ എന്റെ പാട്ടിനു പോയി.

കുറച്ചു കഴിഞ്ഞു പ്രിയയേയും താങ്ങി വരുന്ന ബിശ്വാസിനെ കണ്ടപ്പോള്‍ നമ്മുടെ നാട്ടില്‍ കുടിയന്മാരായ ഭര്‍ത്താക്കന്മാരെ താങ്ങി വരുന്ന ഭാര്യമാരെയാണ് ഓര്‍മ വന്നത്.

1 comment:

mahi said...

sathyam ......... than evide onnum janikendaval allaaaaaaaa